താമരശ്ശേരി: താമരശ്ശേരി കരിങ്ങമണ്ണ വീടിനോട് ചേർന്ന് പ്രവർത്തിച്ച അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം കണ്ടെത്തി. ഗാർഹിക സിലണ്ടറുകളിൽ നിന്നും വാണിജ്യ സിലണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി നിറക്കുന്ന കേന്ദ്രമാണ് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ സന്തോഷ് ചോലയിലിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
13 ഗാർഹിക സിലണ്ടറുകൾ, 18 വാണിജ്യ സിലണ്ടറുകൾ, ആറ് വാതകം നിറയ്ക്കാനുള്ള സിലിണ്ടറുകൾ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. ഇതോടൊപ്പം പ്രകൃതി വാതകം നിറക്കുന്നതിന് ഉപയോഗിക്കുന്ന രണ്ട് കംപ്രസറുകളും, സിലണ്ടറിൻ്റെ അടപ്പിനു മുകളിൽ സീൽ ചെയ്യാൻ ഉപയോഗിക്കുന്ന ഭാരത് ഗ്യാസിൻ്റെ സ്റ്റിക്കറുകളും പിടികൂടി. കരിങ്ങമണ്ണ തോണിക്കടവ് അരേറ്റക്കുന്ന് ഷമീറിൻ്റെ വീട്ടിൽ നിന്നുമാണ് സിലണ്ടറുകൾ പിടികൂടിയത്.