കോഴിക്കോട്: നികുതി വെട്ടിച്ച് കടത്തി കൊണ്ടുപോവുകയായിരുന്ന ഡീസല്‍ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ ജിഎസ്ടി ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. ഉണ്ണികുളം പൂനൂർ സ്വദേശി പുതിയമ്പ്ര വീട്ടില്‍ എൻ.പി ഷുഹൈബ് (40) നെയാണ് എടച്ചേരി പോലീസ് ഇൻസ്പെക്ടർ ടി.കെ ഷിജു അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ താമരശ്ശേരിയിൽ നിന്നാണ് ഇൻസ്പെക്ടറും സംഘവും പിടികൂടിയത്.
2024 സെപ്റ്റംബറില്‍ പെരിങ്ങത്തൂർ കരിയാടാണ് കേസിനാസ്പദമായ സംഭവം. 2000 ലിറ്റർ ഡീസല്‍ നികുതി വെട്ടിച്ച് ലോറിയില്‍ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അമിത വേഗതയിലെത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ ഇടിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഡീസല്‍ കടത്തുന്ന ലോറിക്ക് മുന്നിലുണ്ടായിരുന്ന കാർ റോഡിന് കുറുകെ നിർത്തി മാർഗ്ഗതടസം സൃഷ്ടിച്ച് ജിഎസ്ടി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും കൂടിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.