ഉള്ളിയേരി: ഉള്ളിയേരി ടൗണില്‍വെച്ച് യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബാലുശ്ശേരി സ്വദേശിയായ നസീമുദ്ദീന്‍ ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയാണ് നസീമുദ്ദീന്‍. ഇയാളുള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. ബാലുശ്ശേരി സ്വദേശിയായ ഒന്നാം പ്രതി ഷമീജ്, കോക്കല്ലൂരിലെ അര്‍ജുന്‍ അപ്പാനി, കോഴിക്കോട് സ്വദേശി കുഞ്ഞാവ എന്ന ശ്യാംജിത്ത്, ഉള്ളിയേരി സ്വദേശി ആദര്‍ശ് എന്നിവരാണ് പിടിയിലാവാനുള്ളത്.
ജനുവരി 12ന് രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉള്ളിയേരി സ്വദേശിയായ നിഷാദിനാണ് മര്‍ദ്ദനമേറ്റത്. പ്രതികളായ അഞ്ച് പേരും ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് കണ്ട് ഇത് തടയാന്‍ ശ്രമിച്ചതായിരുന്നു നിഷാദ്. സ്‌കൂട്ടര്‍ യാത്രികനെ നിഷാദ് പിടിച്ചുമാറ്റിയതില്‍ പ്രകോപിതരായ പ്രതികള്‍ നിഷാദിനെ കൈകൊണ്ടും ഇരുമ്പ് പൈപ്പുകൊണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിഷാദിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളിപ്പോള്‍ ചികിത്സയിലാണ്.
റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ അത്തോളി ഇന്‍സ്‌പെക്ടര്‍ സജയ്, എസ്.ഐ.രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പൊലീസ് പ്രതിയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ ജീവനക്കാർ തിരിച്ചറിയുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.