നരിക്കുനി: നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ആശുപത്രി മുറ്റത്ത് രണ്ട് ആംബുലൻസ് ഉണ്ടായിട്ടും അർബുദ രോഗിയായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത് സ്വകാര്യ ആംബുലൻസിലെന്ന് പരാതി. നരിക്കുനി ട്രൈബൽ ഉന്നതിയിലെ നീളംപാറച്ചാലിൽ ഷാജിയാണ് തന്റെ അമ്മ മാധവിക്ക് ആംബുലൻസ് ലഭിക്കാത്തത് സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്കും കളക്ടർക്കും പരാതി നൽകിയത്.
മാധവി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽക്കഴിയുന്ന രോഗിയാണ്. ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വന്നശേഷം വെള്ളിയാഴ്ച രാവിലെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നരിക്കുനി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വൈകീട്ടുവരെ അവിടെ ചികിത്സയിലായിരുന്നു. വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. അതുപ്രകാരം ആശുപത്രിമുറ്റത്തുണ്ടായിരുന്ന രണ്ട് ആംബുലൻസിന് ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നാണ് ഷാജിയുടെ പരാതി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.