Trending

അപകടങ്ങൾ തുടർക്കഥയാകുന്ന കരുമല വളവ്

ബാലുശ്ശേരി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാനപാതയിൽ കരുമലവളവിൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും വാഹനാപകടമുണ്ടായി. താമരശ്ശേരി ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന കാറാണ് പുലർച്ചെ ഒരുമണിയോടെ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. റോഡരികിലെ മതിലിലിടിച്ച കാർ കറങ്ങി വന്നവശത്തേക്ക് തിരിഞ്ഞു നിൽക്കുകയായിരുന്നു. കാറിന്റെ മുൻഭാഗവും മതിലും തകർന്നിട്ടുണ്ട്.

രണ്ടാഴ്ചക്കുള്ളിൽത്തന്നെ ഇത് അഞ്ചാമത്തെ അപകടമാണ് ഇവിടെയുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. എകരൂൽ ഉപ്പുംപെട്ടി മുതൽ കരുമല തേനാക്കുഴിവരെയുള്ള ഭാഗത്ത് സംസ്ഥാനപാതയിൽ അപകടം നിത്യസംഭവമാകുന്നതിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. സംസ്ഥാനപാത നവീകരിച്ചപ്പോൾ പലഭാഗങ്ങളിലും സ്ഥാപിച്ച സീബ്രാലൈനുകളിലെ റിഫ്ലക്‌ഷൻ ലൈറ്ററുകൾ തരംതാണതും വാഹനത്തിന്റെ ലൈറ്റ് തട്ടിയാൽ തിളങ്ങാത്തതുമാണെന്ന് നാട്ടുകാരും ഡ്രൈവർമാരും പറയുന്നു. ഹൈവേ പോലീസും ഇത് ശരിവെക്കുന്നു. കരുമല വളവുകളിൽ എത്രയും വേഗം മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ നടക്കാനിടയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാനപാതയിൽ ഇവിടെയടക്കം മിക്കഭാഗങ്ങളിലും സീബ്രാവരകളും മാഞ്ഞുകിടപ്പാണ്.

ഇവിടെയുണ്ടായ അപകടങ്ങളിൽ ഏറിയപങ്കും രാത്രി സമയത്താണെന്നതിനാൽ വളവുകളിൽ അപായസൂചകങ്ങളും നല്ലരീതിയിലുള്ള വെളിച്ചവും ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാനകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post