ചെന്നൈ: സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത വിയറ്റ്‌നാം കോളനിയിൽ റാവുത്തർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടൻ വിജയ രംഗ രാജു (70) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ വിജയ രംഗ രാജുവിന് ഹൃദയാഘാതം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ചെന്നൈയിൽ നടക്കും. തെലുങ്ക്, മലയാളം സിനിമകളിലായി വിജയ രംഗ രാജു വില്ലൻ വേഷങ്ങളിലും സഹനടനായും തിളങ്ങി. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപം എന്ന ചിത്രത്തിലൂടെയായിരുന്നു തെലുങ്കിലെ അരങ്ങേറ്റം. അശോക ചക്രവർത്തി, സ്റ്റേറ്റ റൗഡി, വിജയ് തുടങ്ങിയവാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. അഭിനയത്തിന് പുറമേ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗ രാജു ശ്രദ്ധ പതിപ്പിച്ചിരുന്നു.