കൊടുവള്ളി: 2024-25 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് വകയിരുത്തിയ1000 കോടി രൂപ പദ്ധതിയിൽ സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ 3540 റോഡുകൾക്ക് തുക അനുവദിച്ച് ഭരണാനുമതി നൽകിയതിൽ രാഷ്ട്രീയ പ്രേരിതമായ വിവേചനവും തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് ഡോ.എം.കെ.മുനീർ എംഎൽഎ പറഞ്ഞു.
ഗ്രാമീണ റോഡുകൾക്ക് തുക അനുവദിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരമുള്ള 30 റോഡുകളുടെ പേരുവിവരങ്ങൾ ധനകാര്യ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് നൽകിയെങ്കിലും,18 റോഡുകൾക്ക് മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത്. കൊടുവള്ളി നിയോജക മണ്ഡലത്തിൽ 4.15 കോടി രൂപയുടെ പ്രവർത്തിക്ക് മാത്രമാണ് ഭരണാനുമതി ലഭിച്ചതെങ്കിൽ, ഭരണപക്ഷ മണ്ഡലങ്ങളിൽ ഭീമമായ തുകകളാണ് അനുവദിച്ചിട്ടുള്ളത്.
രാഷ്ട്രീയ കക്ഷി ഭേദമന്യേ ഗ്രാമീണ മേഖലയിലെ ജനങ്ങൾ ആശ്രയിക്കുന്ന റോഡുകൾ നവീകരിക്കുന്നതിൽ പോലും, രാഷ്ട്രീയമായ ചേരിതിരിവ് കാണിക്കുന്ന സർക്കാർ അജണ്ട തികച്ചും ജനാധിപത്യ വിരുദ്ധവും, അപലപനീയവുമാണെന്നും, ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് റോഡ് നവീകരണത്തിന് തുക അനുവദിക്കുന്നതിലെ വിവേചനത്തിനെതിരെ പൊതുജന സഹകരണത്തോടെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എംഎൽഎ അറിയിച്ചു.