ഉള്ളിയേരി: ഡിജിറ്റൽ സർവേ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ഫസ്റ്റ് ഗ്രേഡ് സർവേയർ വിജിലൻസിന്റെ പിടിയിലായ സംഭവത്തിൽ കൂട്ടുപ്രതിയും പിടിയിൽ. ഉള്ളിയേരി വില്ലേജിലെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് മുണ്ടോത്ത് പ്രവർത്തിച്ചുവരുന്ന റീസർവേ സൂപ്രണ്ട് ഓഫിസിലെ സെക്കന്‍ഡ് ഗ്രേഡ് സർവേയര്‍ നായര്‍കുഴി പുല്ലുംപുതുവയല്‍ എം.ബിജേഷിനെയാണ് (36) ചൊവ്വാഴ്ച വിജിലൻസ് അറസ്റ്റ് ചെയ്തത്. വിജിലൻസ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ഡിവൈ.എസ്.പി കെ.കെ. ബിജു അറസ്റ്റ് രേഖപ്പെടുത്തിയത്. നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച് ഏക്കർ 45 സെന്റ് സ്ഥലം ഡിജിറ്റൽ സർവേ ചെയ്തപ്പോൾ അളവിൽ കുറവ് വന്നിരുന്നു.
ഇതു പരിഹരിക്കുന്നതിനായി വീണ്ടും ഡിജിറ്റൽ സർവേ നടത്തുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇതേ ഓഫിസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദിനെ ഉള്ളിയേരിയിലെ ബേക്കറിയിൽ വെച്ച് തിങ്കളാഴ്ച വൈകീട്ട് വിജിലൻസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജേഷിനെ വിജിലൻസ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ കൈക്കൂലി ഇടപാടിൽ ഇയാൾകൂടി പങ്കാളിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഒരേ ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥർ കൈക്കൂലിക്കേസിൽ പിടിയിലായതോടെ ഉള്ളിയേരി വില്ലേജിലെ ഡിജിറ്റൽ സർവേയിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്ന സംശയം ഉയർന്നിട്ടുണ്ട്. സർവേയുമായി ബന്ധപ്പെട്ട 25000ത്തോളം പരാതികൾ തീർപ്പാക്കാൻ പലരിൽ നിന്നും ഉദ്യോഗസ്ഥർ വലിയ തുക കൈക്കൂലി ആവശ്യപ്പെട്ടതായ പരാതിയും ഉയർന്നിട്ടുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ആരും പരാതി നൽകാതിരുന്നതാണ് അഴിമതിക്ക് തുണയായത്. തിങ്കളാഴ്ച അറസ്റ്റിലായ മുഹമ്മദിനെതിരേ മുമ്പും പരാതികൾ ഉണ്ടായിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.