ഹൈദരാബാദ്: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച മുൻ സൈനികൻ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. 35 കാരിയായ വെങ്കട്ട് മാധവിയാണ് കൊല്ലപ്പെട്ടത്. മാധവിയുടെ മൃതദേഹഭാഗങ്ങൾ ഭർത്താവ് ഗുരുമൂർത്തി തടാകത്തിൽ തള്ളുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുമൂർത്തി ഭാര്യക്കും രണ്ട് മക്കൾക്കും ഒപ്പം ഹൈദരാബാദിലെ ജില്ലെലഗുഡയിലാണ് താമസിച്ചിരുന്നത്. മുൻ സൈനികനായ ഗുരുമൂർത്തി കാഞ്ചൻബാഗിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യയെ കാണാൻ ഇല്ലെന്നായിരുന്നു ഇയാൾ മാധവിയുടെ മാതാപിതാക്കളെ അറിയിച്ചിരുന്നത്. തുടർന്ന് മാധവിയുടെ മാതാപിതാക്കളും ഗുരുമൂർത്തിയും ജനുവരി 18 ന് മീർപേട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
എന്നാൽ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. തുടർന്ന് ഗുരുമൂർത്തി മൃതദേഹം കഷ്ണങ്ങളാക്കി പ്രഷർ കുക്കറിൽ പാകം ചെയ്‌ത് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നന്ദ്യാലിലെ സ്വന്തം നാട്ടിലേക്ക് പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊല നടത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കഷ്ണങ്ങളായി മുറിച്ച മാധവിയുടെ ശരീരത്തിന്റെ ഒരു ഭാഗം ബാഗിൽ പൊതിഞ്ഞ് ജില്ലെലഗുഡയ്ക്ക് സമീപമുള്ള ചന്ദൻ തടാകത്തിലേക്ക് എറിഞ്ഞതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.