Trending

മുന്നണി മര്യാദ ലംഘിച്ചു; കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

കൂരാച്ചുണ്ട്: മുന്നണി തീരുമാനം ലംഘിച്ചതിനെ തുടർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പാര്‍ട്ടി നടപടി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജിവെക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും സ്ഥാനം ഒഴിയാത്തതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് പദവി കൈമാറാന്‍ ലീഗ് അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തത്. മുന്നണി മര്യാദ പാലിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം ഏതറ്റംവരെ പോകുമെന്നും അതില്‍ വ്യക്തി താത്പര്യങ്ങളില്ലെന്നും പ്രസിഡന്റിന്റെ അഹങ്കാരം കാരണമാണ് നടപടി എടുക്കേണ്ടി വന്നതെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

പദവി കൈമാറിയില്ലെങ്കില്‍ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് ലീഗ് മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചായത്ത് ഭരണത്തിന്റെ അവസാന വര്‍ഷം പ്രസിഡന്റ് പദവി ലീഗിന് നല്‍കാമെന്ന് നേരത്തെ മുന്നണി ധാരണയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍ ഈ ധാരണയില്‍ ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍, വ്യക്തി താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാനമൊഴിയാന്‍ പോളി കാരക്കട തയ്യാറായില്ല. കൂരാച്ചുണ്ട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജോണ്‍സണ്‍സ് താന്നിക്കലിന് എതിരേയും നടപടി എടുത്തിട്ടുണ്ട്. ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് നടപടി. അഗസ്റ്റിന്‍ കാരക്കടയ്ക്ക് പകരം ചുമതല നല്‍കിയിട്ടുണ്ടെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.

Post a Comment

Previous Post Next Post