Trending

അശ്ലീല പരാമർശം; ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ, സന്തോഷമെന്ന് ഹണി റോസ്

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. വയനാട്ടിലെ റിസോർട്ടില്‍ നിന്നാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാനായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ ശ്രമം. ഉടനെ കൊച്ചിയിലേക്ക് കൊണ്ടുവരും. കസ്റ്റഡിയില്‍ എടുത്ത വിവരം വയനാട് എസ് പി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 

കേസെടുത്തതിന് പിന്നാലെ ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നു. നടിയെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമര്‍ശമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

അതേ സമയം, ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്ന് നടി ഹണി റോസ്. തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും അവർ പറഞ്ഞു.

Post a Comment

Previous Post Next Post