അത്തോളി: തലക്കുളത്തൂർ കച്ചേരിമുക്കിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മക്കട കൂടത്തുംപൊയിൽ ജിജിത്ത് ബാബുവിനാണ് (45) പരിക്കേറ്റത്. പരിക്കേറ്റ ജിജിത്ത് ബാബുവിനെ നാട്ടുകാർ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന KL15-7506 കെഎസ്ആർടിസി ബസാണ് ഇടിച്ചത്. ബസ് ഉന്തുവണ്ടിയെ മറികടക്കുന്നതിനിടെ എതിരെവന്ന ജിജിത്ത് ബാബു സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചതിനാൽ കാര്യമായ പരിക്കൊന്നും പറ്റിയില്ല. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഈ ഭാഗത്ത് സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.