Trending

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മാവൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ്


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരൻ ഹരികുമാർ‌ പറഞ്ഞതായാണ് വിവരം. എന്നാൽ സഹോദരിയെ രക്ഷിക്കാനായാണ് ഹരികുമാർ കുറ്റം ഏറ്റെടുത്തതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനെയും അമ്മയെയും നിലവിൽ പൊലീസ് ചോദ്യം ചെയ്യുകയാണ്.

എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളിലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാവിലെ അമ്മാവന്‍ ഹരികുമാറിന്റെ കട്ടിലില്‍ തീപിടുത്തമുണ്ടായി. തീപിടിച്ചതിന്റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളു. 

ബാലരാമപുരം കോട്ടുകാൽകോണം ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവനന്ദയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചോടെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

Post a Comment

Previous Post Next Post