Trending

ലൈംഗികാതിക്രമക്കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം


കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ റിമാന്റില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി. വൈകീട്ട് 3.30ന് ഉത്തരവ് പുറത്തിറങ്ങും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുക. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ഹണി റോസിന് അസാമാന്യമികവൊന്നും ഇല്ലെന്ന ജാമ്യാപേക്ഷയിലെ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. ഇതോടെ ബോബിയുടെ അഭിഭാഷകന്‍ പരാമര്‍ശം പിന്‍വലിക്കുകയും ചെയ്തു.

തനിക്കെതിരെ തുടർച്ചയായി ലൈംഗികാധിക്ഷേപവും അപകീർത്തികരവുമായ പരാമർശങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച വയനാട്ടിൽ നിന്ന് ബോബിയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തത്. പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാൻ‍‍‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തര പ്രാധാന്യമൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മുതൽ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.

അതേസമയം, നടി ഹണിറോസിന്റെ പരാതിയില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഹൈക്കോടതി പോലിസിന്റെ നിലപാട് തേടി. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 27ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്.

Post a Comment

Previous Post Next Post