മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധ(45)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മാവോയിസ്റ്റ് തെരച്ചിലിനിടയിൽ തണ്ടർബോൾട്ട് സേനാംഗങ്ങളാണ് മൃതദേഹം കണ്ടത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.
എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാടിനുള്ളിലാണ് മൃതദേഹം. മാനന്തവാടി പൊലീസിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. മന്ത്രി ഒ ആര്‍ കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.