തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഐറിൻ. നേരത്തെ ചികിത്സയിലിരിക്കെ അലീന, ആന്‍ ഗ്രേസ് എന്നിവര്‍ മരിച്ചിരുന്നു. ഇതോടെ പീച്ചി ഡാം അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രെയ്‌സ് (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (13), അലീന (16) എന്നിവരാണ് ഡാമില്‍ വീണത്. അപകടത്തിന് പിന്നാലെ മൂന്ന് വിദ്യാർത്ഥികളുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഡാമിലെ കരയിലുണ്ടായിരുന്ന നിമയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
സുഹൃത്തിന്റെ വീടിന് പുറകുവശത്തായുള്ള പീച്ചി ഡാമിന്റെ കൈവരിയുടെ അടുത്തുള്ള പാറയ്ക്ക് സമീപത്ത് നിന്നും കാല് വഴുതി നാലുപേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചെരുപ്പ് വീണപ്പോള്‍ അതെടുക്കാന്‍ ശ്രമം നടത്തിയതായിരുന്നു. നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍. നിമ ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.