Trending

ആരാമ്പ്രം ആൾതാമസമില്ലാത്ത വീട്ടിൽ കഞ്ചാവ് കണ്ടെത്തി; മൂന്നുപേർ പിടിയിൽ


കുന്ദമംഗലം: ആരാമ്പ്രം ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപം പുതുതായി നിര്‍മ്മിച്ച ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവും അത് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ കുന്ദമംഗലം പോലീസ് പിടികൂടി. വെണ്ണക്കാട് ഡ്രൈവര്‍ കബീര്‍, ആരാമ്പ്രം എടിയാടി പെയ്യയില്‍ സലിം, ആരാമ്പ്രം റിന്‍ഷാദ് ( 24) എന്നിവരാണ് പിടിയിലായത്. ഇവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് കാറും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. 

രണ്ട് വര്‍ഷത്തോളമായിട്ട് ഇവർ ഇവിടെ ലഹരി വില്‍പ്പന നടത്തുകയായിരുന്നു. വീടിന്റെ താഴെ നിലയില്‍ ക്ലബ്ബ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് ലഹരി പുകക്കാനും ആസ്വദിക്കാനും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എയര്‍കണ്ടീഷനോട് കൂടിയ ഈ റൂമില്‍ കാരം ബോര്‍ഡ്, ടിവി, ലഹരി വസ്തുക്കള്‍ ഉപയോഗിക്കാനുള്ള ഹുക്ക, എന്നിവ ഒരുക്കിയിട്ടുണ്ട്. വീടിന്റെ മുകൾ ഭാഗം ആളുകള്‍ക്ക് വിശ്രമിക്കാനും ഒക്കെയുള്ള സൗകര്യങ്ങളുണ്ട്. കോളേജ് വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികൾ അടക്കം നിരവധി പേർ ഇവിടെ വരാറുണ്ടെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.

കഴിഞ്ഞ കുറെ കാലങ്ങളായിട്ട് നിരവധിപേര്‍ ഇവിടെ വന്ന് ലഹരി വാങ്ങുകയും വില്‍പ്പനക്കായി കൊണ്ടുപോവുകയും ചെയ്തതായി ഇവർ പോലീസിനോട് പറഞ്ഞു. കുന്ദമംഗലം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍, പോലീസ് ഉദ്യോഗസ്ഥരായ അജീഷ്, ജീനചന്ദ്രന്‍, വിപിന്‍, അരുണ്‍, വിജീഷ്, ബിജു, ജംഷീര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post