കോഴിക്കോട്: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്ന ഫോണിലേക്ക് തുടർച്ചയായി അശ്ലീല സന്ദേശമയക്കുകയും, കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിലായി. കണ്ണൂർ എളയാവൂർ സ്വദേശി കല്ലിങ്കൽ വീട്ടിൽ ഡോ. അലൻ ആന്റണി (32) യെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർത്ഥിനിയുടെ ടെലിഗ്രാം അക്കൗണ്ടിലേക്ക് സ്ഥിരമായി കോൾ ചെയ്ത് ശല്യം ചെയ്തതിൽ വീട്ടുകാർ താക്കീത് നൽകിയെങ്കിലും, വീണ്ടും ഇയാൾ നിരന്തരം മോശമായ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ജനുവരി 2ന് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് ബീച്ചിലെത്തുവാൻ ആവശ്യപ്പെട്ടു. ഇത് പെൺകുട്ടി വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് വീട്ടുകാർ കുട്ടിയെയുമായി കോഴിക്കോട് ബീച്ചിലേക്ക് വരുകയായിരുന്നു.
പെൺകുട്ടി എത്തിയതറിഞ്ഞ ഡോക്ടർ ബീച്ചിലേക്ക് വന്ന് പെൺകുട്ടിയോട് സംസാരിച്ചുകൊണ്ട് എവിടെയെങ്കിലും റൂം എടുക്കാം എന്നു പറയുകയായിരുന്നു. തുടർന്ന് ലൈംഗിക ഉദ്ദേശത്തോടുകൂടി കയ്യിൽ കയറിപിടിച്ചതോടെ പെൺകുട്ടിയുടെ ബന്ധുക്കൾ അവിടേക്ക് വന്ന് തടഞ്ഞുവെച്ച് വെള്ളയിൽ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ വെള്ളയിൽ പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.