Trending

കൂടരഞ്ഞിയിൽ അജ്ഞാത ജീവിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റു.

തിരുവമ്പാടി: ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മ അജ്ഞാത ജീവിയെ കണ്ട് ഭയന്നോടി വീണു പരിക്കേറ്റു. കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസിക്കാണ് കൈയ്ക്ക് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പത്താം വാർഡിൽ ഉൾപ്പെട്ട കൂരിയോട് ഭാഗത്ത് വീടിന് അടുത്തുള്ള പറമ്പിലേക്ക് ആടുകളുമായി പോയപ്പോഴാണ് കടുവ എത്തിയത്. താൻ കടുവയെയാണ് കണ്ടതെന്ന് ഗ്രേസി പറഞ്ഞു. ആടുകൾ പേടിച്ച് ചിതറി ഓടിയപ്പോൾ കടുവ തനിക്ക് നേരെ വരികയായിരുന്നു. ഭയന്ന് ഓടുന്നതിനിടയിലാണ് കൈയ്ക്ക് പരിക്കേറ്റതെന്നും ഗ്രേസി പറഞ്ഞു. 

രണ്ടാഴ്ച മുമ്പും പ്രദേശത്ത് അജ്ഞാത ജീവി ആടിനെയും പട്ടിയെയും കടിച്ചു കൊന്നിരുന്നു. കാൽപ്പാടുകൾ പരിശോധിച്ച അധികൃതർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഫോറസ്റ്റ് അധികൃതർ വിവിധ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചെങ്കിലും ക്യാമറയിൽ ഒന്നും പതിഞ്ഞിരുന്നില്ല. കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഗ്രേസിയെ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് പീടികപ്പാറ ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post