ബാലുശ്ശേരി: തുടർച്ചയായി ഒൻപതാം വർഷമാണ് കോക്കല്ലൂർ ജിഎച്ച്എസ്എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ പങ്കെടുക്കുന്നത്. ‘ഏറ്റം’ എന്ന നാടകമാണ് ഇത്തവണ കോക്കല്ലൂർ സ്കൂൾ അവതരിപ്പിച്ചത്. എല്ലാവരും ഭൂമിയുടെ അവകാശികളാണെന്ന ആശയം മുന്നോട്ടുവയ്ക്കുന്നതാണ് ഈ നാടകത്തിന്റെ പ്രധാനപ്രമേയം വന നശീകരണവും ബഹിഷ്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പുമാണ്.
കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഒപ്പം മികച്ച നടനുള്ള സമ്മാനവും നേടിയാണ് ‘ഏറ്റം’ നാടകം 63-ാമത് സംസ്ഥാന കലോത്സവവേദിയിൽ എത്തി എ ഗ്രേഡ് നേടിയത്. മികച്ച നടനുള്ള സമ്മാനം കരസ്ഥമാക്കിയതും ഏറ്റത്തിലൂടെ കോക്കല്ലൂരിൻ്റെ യദുകൃഷ്ണയാണ്. പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്.
മാവറിക്സ് ക്രിയേറ്റീവ് കളക്ടീവ് എന്ന നാടക കൂട്ടായ്മയുടെ പിന്തുണയോടെ ഒരുക്കിയ നാടകത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിഖിൽ ദാസാണ്. കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു എന്നീ 8 നാടകങ്ങളാണ് മുൻ വർഷങ്ങളിൽ കോക്കല്ലൂർ സ്കൂൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചത്.