ഓമശ്ശേരി: കോൺക്രീറ്റ് കുഴയ്ക്കുന്ന മെഷീനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഓമശ്ശേരി- കൊടുവള്ളി റോഡിന്റെ സൈഡ് കോൺക്രീറ്റ് ജോലിക്കെത്തിയ നന്മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീക്ക് (51) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ താഴെ ഓമശ്ശേരിയിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ജോലി നിർത്തി മെഷീൻ വൃത്തിയാക്കുന്നതിനിടെ മിക്സർ മെഷീന്റെ റൊട്ടേറ്റിങ് വീലിന്റെ പല്ലുള്ള ചക്രത്തിനുള്ളിലേക്ക് കൈപ്പത്തി കയറിപ്പോകുകയായിരുന്നു.
നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഹൈഡ്രോളിക് സ്‌പ്രെഡർ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് രക്ഷപ്പെടുത്തി. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച റഫീക്കിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.