കൂടരഞ്ഞി: കൂടരഞ്ഞി പെരുമ്പൂളയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.15 ദിവസം കൂടരഞ്ഞിയെ ഭീതിയിലാഴ്ത്തിയ പുലിയാണ് പിടിയിലായത്. വനം വകുപ്പിൻ്റെ ആർആർടി ടീം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.
പുലിയെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് വീണു പരിക്കേറ്റിരുന്നു. തുടർന്ന് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചു. വനം വകുപ്പ് അധികൃതർ കാൽപ്പാടുകൾ പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കൂരിയാട് പ്രദേശത്ത് ലിന്റോ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കൂടു സ്ഥാപിച്ചത്.
കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള, കൂരിയോട് ഭാഗത്ത് മാസങ്ങളായി ശല്യം ചെയ്യുന്ന പുലിയാണ് കൂട്ടിലായത്. നിരവധി വളർത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു. പുലിക്ക് പരുക്കുകളേറ്റിട്ടുണ്ടോയെന്ന് പരിശോധിക്കും. പുലിയെ എങ്ങോട്ടു മാറ്റുമെന്ന് തീരുമാനമായിട്ടില്ല. പുലിയെ ഉടൻ താമരശ്ശേരി റേഞ്ച് ഓഫീസിൽ എത്തിക്കും.