Trending

ബാലുശ്ശേരിയിൽ തെരുവുനായശല്യം രൂക്ഷം; മൂന്നുപേർക്ക് കടിയേറ്റു


ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ കരയത്തൊടി, വട്ടോളി ബസാർ, കിനാലൂർ മേഖലകളിൽ തെരുവുനായകളുടെ ശല്യം രൂക്ഷം. കഴിഞ്ഞദിവസം തെരുവുനായയുടെ കടിയേറ്റു മൂന്നുപേർക്ക് പരിക്കേറ്റു. ഒറ്റയ്ക്ക് നടന്നുപോകുന്നവരെ നായകൾ പതിയിരുന്ന് ആക്രമിക്കുന്നത് പതിവായിരിക്കുന്നു. കുട്ടികളെയും സ്ത്രീകളെയുമാണ് കൂടുതലും ആക്രമിക്കുന്നത്.

കരയത്തൊടി ഭാഗത്ത് രണ്ടുപേർക്കും വട്ടോളിബസാറിൽ ഒരാൾക്കുമാണ് കടിയേറ്റത്. അതിരാവിലെ പുറത്തിറങ്ങുന്ന പത്രവിതരണക്കാരും പാൽവിതരണക്കാരും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. വട്ടോളി ബസാറിൽ പ്രവർത്തിക്കുന്ന എബിസി സെന്ററിന് ചുറ്റുമുള്ള പ്രദേശത്ത് തെരുവു നായകൾ പെറ്റുപെരുകുകയാണ്. ഇതിന് മുന്നിൽ വെച്ചാണ് കഴിഞ്ഞദിവസം ഒരുപെൺകുകുട്ടിയെ തെരുവുനായകൾ ആക്രമിച്ചത്. 

എബിസി സെന്ററിൽ നിന്ന് വന്ധ്യംകരണം നടത്തുന്ന തെരുവുനായകളെ പ്രദേശത്തുതന്നെ തുറന്നുവിടുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. തെരുവുനായകളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് വിവിധ റെസിഡൻസ് അസോസിയേഷനുകൾ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post