കണ്ണൂർ: കണ്ണൂർ കാക്കയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്കു വെച്ച കെണിയിൽ കുടുങ്ങിയത് പുലി. പാല റോഡിൽ പഴയ മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു സമീപമാണ് ഇന്നു രാവിലെ ആറരയോടെ പുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രദേശവാസിയായ പ്രകാശൻ ടാപ്പിങ്ങിന് പോകുമ്പോഴാണ് പുലി കുടുങ്ങിയത് കാണുന്നത്.
കണ്ണൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും വൻ പൊലിസ് സന്നാഹവും സ്ഥലത്തെത്തി. നിരവധിയാളുകൾ സ്ഥലത്ത് എത്തിയെങ്കിലും അപകടത്തിൽ പെടാതിരിക്കാൻ ആരെയും പൊലിസ് സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. മുഴക്കുന്ന് പഞ്ചായത്തിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഡോ. അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു. പുലിയെ കൂട്ടിലാക്കിയിട്ടുണ്ട്. പുലി കുടുങ്ങിയ സ്ഥലത്തിന്റെ തൊട്ടടുത്തുള്ള വിദ്യാലയത്തിന് അവധി നൽകി.