തൊടുപുഴ: ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് നാല് പേർക്ക് ദാരുണാന്ത്യം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് പോയ വിനോദയാത്ര സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയായിരുന്നു അപകടം. 34 യാത്രക്കാരും 3 ജീവനക്കാരും ബസിലുണ്ടായിരുന്നു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി (40), രമ മോഹൻ (51), സംഗീത് (45), ബിന്ദു നാരായണൻ (59) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധി യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പീരുമേടിൽ നിന്നും മുണ്ടക്കയത്തുനിന്നുമാണ് ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിയത്. ഹൈവേ പൊലീസ്, മോട്ടോർ വാഹന വകുപ്പ് സംഘം സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഏതാനും സമയത്തേക്ക് ഗതാഗതം തടസപ്പെട്ടിരുന്നു.
വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ തഞ്ചാവൂരിലേക്ക് പോയ ബസ് തിങ്കളാഴ്ച രാവിലെ അഞ്ചിന് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. നിയന്ത്രണംവിട്ട ബസ് 20 അടിയോളം താഴ്ചയിലേക്ക് പോയി. മരങ്ങളിൽ തട്ടി നിന്നതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ 23 പേരാണ് ചികിത്സയിലുള്ളത്. കൈകാലുകൾക്കും തലക്കും ഉൾപ്പെടെ പരിക്കേറ്റവർ ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.