ചേമഞ്ചേരി: ചേമഞ്ചേരി വെങ്ങളം ബൈപ്പാസിന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം. ചെറുവണ്ണൂർ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് കാറിലുള്ളവരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങിയതും കാറിൽ നിന്നും തീ ആളിക്കത്തുകയായിരുന്നു.
തലനാരിഴയ്ക്കാണ് കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത്. അപകടത്തില്‍ കാറിന്റെ മുന്‍വശത്തെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് തീ പകുതിയോളം അണച്ചിരുന്നു. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.