Trending

കൊടുവള്ളി സ്വദേശിയെ മദ്യമൊഴിച്ചു കത്തിച്ചു കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.


കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന് അടുത്തുള്ള ഇന്റർനാഷണൽ ലോഡ്ജിനു സമീപത്തെ കടയുടെ വരാന്തയിൽ കിടക്കുകയായിരുന്ന കൊടുവള്ളി വലിയപറമ്പ് സ്വദേശി തണ്ണിക്കുണ്ടുങ്ങൽ ഷൗക്കത്ത് (48) എന്നയാളെ മുൻ വിരോധം വെച്ച് ദേഹത്തേയ്ക്ക് മദ്യം ഒഴിച്ചു കത്തിച്ച് കൊന്ന കേസ്സിലെ പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയും തമിഴ്നാട് സ്വദേശിയുമായ മണി (മണിവണ്ണൻ) എന്നയാളെ കോഴിക്കോട് സെക്കന്റെ് അഡീഷണൽ ഡിസ്ട്രിക് ആന്റെ് സെഷൻസ് കോടതി ജീവപര്യന്തം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം 2 വർഷത്തെ തടവിനും ശിക്ഷിച്ചു.

മണിവർണ്ണന്റെ കൈവശമുണ്ടായിരുന്ന മദ്യവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഷൗക്കത്തും മണിവർണ്ണനും തമ്മിൽ വാക് തർക്കവും, അടിപിടിയും ഉണ്ടാകുകയും, അതിൽ പ്രകോപിതനായ മണിവർണ്ണൻ ഷൗക്കത്തിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ രാത്രിയിൽ ഷൗക്കത്ത് സ്ഥിരമായി കിടക്കുന്ന റെയിൽവേസ്റ്റേഷൻ റോഡിലെ കടവരാന്തയ്ക്ക് സമീപമെത്തെത്തുകയും അരക്കെട്ടിൽ സൂക്ഷിച്ചു വെച്ച മദ്യവുമായി സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം കിടക്കുകയായിരുന്ന ഷൗക്കത്തിനെ വിളിച്ചെഴുനേൽപ്പിച്ച് മദ്യം ഷൗക്കത്തിന്റെ ശരീരത്തിലൊഴിച്ച് കത്തിക്കുകയായിരുന്നു. 

മാരകമായി തീപ്പൊള്ളലേറ്റ ഷൗക്കത്ത് ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നു. സ്ഥലത്തുനിന്നും ട്രയിൻ മാർഗ്ഗം രക്ഷപ്പെട്ട പ്രതിയെ തലശ്ശേരിയിൽ നിന്നും പിന്നീട് ടൗൺ സബ് ഡിവിഷൺ അസിസ്റ്റന്റെ് കമ്മീഷണർ ശ്രീ. ബിജുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post