Trending

ബീച്ച് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിയ രോഗി ചികിത്സ കിട്ടാതെ മരിച്ചു. കാൽ വിരലിലെ പഴുപ്പ് ചികിത്സിക്കാനെത്തിയ അത്തോളി സ്വദേശി പി.എം.രാജൻ (80) ആണ് മരിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജിനാഥ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് നിർദ്ദേശം നൽകി. രോഗിയെ ഡോക്ടർ ചികിത്സിച്ചത് ഫോണിലൂടെയാണെന്ന മകന്റെ ആരോപണം ഡിഎംഒ അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ചികിത്സ ലഭിച്ചില്ലെന്ന പരാതി ആശുപത്രി സൂപ്രണ്ട് അന്വേഷിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് കോഴിക്കോട് ഗവ. ഗെസ്റ്റ് മന്ദിരത്തിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇടതു കാലിന്റെ വിരലുകൾക്കിടയിലുള്ള പഴുപ്പ് ചികിസിക്കാൻ ബീച്ച് ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ഡോക്ടർ ഫോണിലൂടെ ചികിത്സ നൽകിയെന്നാണു പരാതി. 

ബുധനാഴ്ച രാത്രി 14ാം വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട രാജന്റെ കാലിലെ മുറിവിന്റെ ചിത്രം എടുത്ത ശേഷം ഡോക്ടർ മടങ്ങി. കുത്തിവെപ്പ് നൽകിയെങ്കിലും നില വഷളായി. വിവരം അറിയിച്ചിട്ടും ഡോക്ടർമാർ എത്തിയില്ല. ഡോക്ടർ ഫോണിൽ നിർദ്ദേശം നൽകുണ്ട് എന്നായിരുന്നു നഴ്സിന്റെ മറുപടിയെന്നു രോഗിയുടെ മകൻ പറഞ്ഞു. പുലർച്ചെ ഡോക്ടർ എത്തിയെങ്കിലും രോഗി മരിച്ചിരുന്നു.

Post a Comment

Previous Post Next Post