താമരശ്ശേരി: ഈങ്ങാപ്പുഴ ചോയിയോടിന് സമീപം വേനക്കാവിൽ മകൻ അമ്മയെ വെട്ടിക്കൊന്ന വീട്ടിൽ ഫോറൻസിക് സംഘവും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ സായൂജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തുണ്ട്. ആഷിഖിൻ്റെ വൈദ്യ പരിശോധനയും, സുബൈദയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് രോഗിയായ മാതാവ് സുബൈദയെ ഇരുപത്തി അഞ്ചുകാരനായ മകൻ ആഷിഖ് കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. അരുംകൊല തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയെന്നാണ് കൊലപാതകത്തിന് കാരണം ആരാഞ്ഞവരോട് ആഷിഖിന്റെ മറുപടി. കൊടുവാളും പിടിച്ച് രക്തം പുരണ്ട കൈകളാൽ വീട്ടിലെ ഡൈനിംഗ് ഹാളിൽ മാതാവിനെ കഴുത്ത് അറുത്ത ശേഷമാണ് ഓടികൂടിയവരുടെ മുന്നിൽ വെച്ച് കൊലക്കുള്ള കാരണം വ്യക്തമാക്കിയത്. അടുത്ത വീട്ടിൽ നിന്നും തേങ്ങ പൊളിക്കാനെന്നും പറഞ്ഞു വാങ്ങിയ കൊടുവാൾ ഉപയോഗിച്ചായിരുന്നു കൊല നടത്തിയത്. ശേഷം കഴുകി വൃത്തിയാക്കി ഇതാ നിങ്ങളുടെ കൊടുവാൾ എന്ന് പറഞ്ഞ് പുറത്തേക്ക് എറിഞ്ഞു.
ആഷിഖ് ഇതിന് മുൻപും സുബൈദയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പരിസര വാസികൾ പറഞ്ഞു. ഏതാനും മാസം മുൻപ് മാരകായുധമവുമായി സുബൈദയോട് അക്രമാസക്തമായി പെരുമാറിയതിനെ തുടർന്ന് കുതിരവട്ടം ഗവ.മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പത്തു ദിവസം ചികിത്സ നൽകിയിരുന്നു. അമിതമായി ലഹരിമരുന്ന് ഉപയോഗിക്കാറുള്ള ആഷിഖിനെ നേരത്തെ ലഹരി വിമുക്ത കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു.