തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്. ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു.
ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ 'സി- മോക്സ്' ഗുളികയ്ക്കുള്ളിലായിരുന്നു മൊട്ടു സൂചി കണ്ടെത്തിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്. വസന്തയെ പിന്നീട് വൈദ്യ പരിശോധനക്ക് വിധേയയാക്കി. എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.