കണ്ണൂര്‍: ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഒന്നരപ്പവന്റെ സ്വര്‍ണ്ണവളയുമായി കടന്നു കളഞ്ഞ സ്ത്രീ അറസ്റ്റില്‍. എളയാവൂര്‍, മുണ്ടയാട്, ഭുവനേശ്വരി ക്ഷേത്രത്തിനു സമീപത്തെ ബൈത്തുല്‍നൂറില്‍ പി.പി റഷീദ (50)യെ ആണ് കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഡിസംബര്‍ 31ന് ഉച്ചയ്ക്ക് 1.30 ഓടെ കണ്ണൂര്‍ മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയിലാണ് കേസിനാസ്പദമായ സംഭവം. കൂടുതല്‍ ആഭരണങ്ങള്‍ വാങ്ങുന്നവരുടെ ഇടയില്‍ നിന്ന ശേഷം വള കൈക്കലാക്കി പര്‍ദ്ദയില്‍ ഒളിപ്പിക്കുകയായിരുന്നു. ജ്വല്ലറി അടയ്ക്കുന്നതിനു മുമ്പ് ജീവനക്കാര്‍ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വള നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് റഷീദയെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്വല്ലറി എന്നിവിടങ്ങളില്‍ നിന്നു സാധനങ്ങള്‍ തട്ടിയെടുക്കുക പ്രതിയുടെ സ്ഥിരം പരിപാടിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ്ഐമാരായ കെ. റഷീദ്, കെ. അനുരൂപ്, പി.പി ഷമീല്‍, പൊലീസുകാരായ നാസര്‍, സക്കീറ, ഷിജി എന്നിവരും ഉണ്ടായിരുന്നു.