നന്മണ്ട: നന്മണ്ട 13-ലും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷം. ഇടവഴിയിലും അങ്ങാടിയിലും തെരുവുനായകൾ വിഹരിക്കുകയാണ്. ഗ്രാമപ്പഞ്ചായത്ത് ഓപ്പൺ സ്റ്റേജ്, വില്ലേജ് പരിസരം, കുമാരം പൊയിൽ ജംഗ്ഷൻ, തളി റോഡ്, തൊലിറ്റിൽ റോഡ്, തിയ്യക്കോത്ത് റോഡ്, കുന്നുമ്മൽ റോഡ് എന്നിവിടങ്ങളിലാണ് നായകളെ കാണുന്നത്. ക്ഷേത്രങ്ങളിൽ പുലർച്ചെ ദർശനത്തിനു വരുന്ന ഭക്തർ, രാവിലെതന്നെ ജോലിക്കിറങ്ങുന്നവർ എന്നിവർക്കെല്ലാം ബുദ്ധിമുട്ടുണ്ട്.
ഇരുചക്ര വാഹനക്കാരെയും തെരുവുനായകൾ വെറുതേ വിടാറില്ല. അവയുടെ പുറകിൽ കൂട്ടത്തോടെ ഓടിയാണ് ഇവ ശൗര്യം പ്രകടിപ്പിക്കുന്നത്. ഏതാനും ആഴ്ചകൾക്കു മുൻപ് മരക്കാട്ട് മുക്കിൽ വെച്ച് നാലുപേരെ തെരുവുനായ കടിക്കുകയും രണ്ടാം ദിവസം നായയെ ചത്തനിലയിൽ കാണപ്പെടുകയും ചെയ്തു. തുടർന്ന് പൂക്കോട് വെറ്ററിനറി ഹോസ്പിറ്റലിൽ നടന്ന പരിശോധനയിൽ നായക്ക് പേവിഷബാധയുള്ളതായി കണ്ടെത്തിയിരുന്നു.