നരിക്കുനി: നരിക്കുനി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വയലുകൾ മണ്ണിട്ട് നികത്തുന്നതായി പരാതി. കുന്നുകളെ കോരിയെടുത്ത് വയലുകളെ കൊന്നൊടുക്കി വലിയ പരിസ്ഥിതി നശീകരണം വരുത്തുകയും ഭാവിക്ക് ഭീഷണി സൃഷ്ടിക്കുകയുമാണെന്നാണ് ആരോപണം. പിന്നിൽ റിയൽഎസ്റ്റേറ്റ് മാഫിയകളാണെന്നാണ് നാട്ടുകാർ പറയുന്നത്.
കാവും പൊയിൽ, നരിക്കുനി നിംസ് ആശുപത്രിക്ക് സമീപം, വടേക്കണ്ടിതാഴം റോഡിൽ അയനിക്കാട്ട് താഴം, നെല്ല്യേരിതാഴം വയൽ എന്നിവിടങ്ങളിൽ ആഴ്ചകളായി വയലുകൾ മണ്ണിട്ട് നികത്തുന്നത് തകൃതിയായി നടക്കുകയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയതിന്റെ ഭാഗമായി പലയിടത്തു നിന്നും ഇട്ട മണ്ണ് നീക്കം ചെയ്തിരുന്നുവെങ്കിലും വീണ്ടും മണ്ണിട്ട് നികത്തുന്നത് തുടരുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.