Trending

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ പറമ്പൽ ടൂറിസ്റ്റ് കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂർ പുത്തൂർക്കളം പി. ഷാജിമോന്റെ മകൻ നിവേദ് (18) ആണ് മരിച്ചത്. പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് ഫാർമസിയിൽ ഫാം.ഡി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സുഹൃത്തുക്കളുടെ കൂടെ ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയപ്പോൾ പ്രവേശന സമയം കഴിഞ്ഞിരുന്നു. തുടർന്നാണ് അഞ്ചംഗ വിദ്യാർത്ഥിസംഘം ജാനകിക്കാടിനു സമീപത്തെ പറമ്പൽ പ്രദേശത്ത് എത്തിയത്. 

ഞായറാഴ്ച വൈകിട്ട് 6 മണിയോടെ നിവേദ് കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നിവേദിനെ പുഴയിൽനിന്നു കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടേറെ ടൂറിസ്റ്റുകൾ അപകടത്തിൽപ്പെട്ട പ്രദേശമാണിത്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതും ഗൈഡുമാരെ നിയമിക്കാത്തതും അപകടമരണം വർദ്ധിക്കാൻ കാരണമാകുകയാണെന്നു നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post