Trending

പേരാമ്പ്രയിലെ ചെങ്കൽ ഗുഹ; കണ്ടെത്തിയത് മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ ഗുഹയെന്ന് പുരാവസ്തു വകുപ്പ്


പേരാമ്പ്ര: പേരാമ്പ്രയിൽ കണ്ടെത്തിയ ചെങ്കൽ ഗുഹയിൽ പുരാവസ്തു വകുപ്പ് പരിശോധന നടത്തി. ലഭിച്ച പുരാവസ്തുക്കൾ, ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി. മഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ ഗുഹയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. നൊച്ചാട് പഞ്ചായത്തിലെ പേരാമ്പ്ര ചേനോളി സ്വദേശി സുരേന്ദ്രൻ്റെ സ്ഥലത്ത് വീടു നിർമ്മാണത്തിന്റെ ഭാഗമായി ശുചിമുറിക്ക് കുഴിയെടുക്കുന്നതിനിടെയാണ് ചെങ്കൽ ഗുഹ കണ്ടെത്തിയത്. വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധന നടത്തി.

2000 മുതൽ 2500 വർഷം മുൻപുള്ളതാണ് ഗുഹയെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി. ലഭിച്ച പുരാവസ്തുക്കൾ പ്രദർശനത്തിന് വെച്ച ശേഷം ഈസ്റ്റ്ഹിൽ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റി. മൺപാത്രങ്ങൾ, ഇരുമ്പ് കൊണ്ടുള്ള ആയുധങ്ങൾ, അസ്ഥികൾ, ബെഞ്ച് എന്നിവയാണ് മൂന്ന് അറകളുള്ള ഗുഹയിൽ നിന്നും കണ്ടെത്തിയത്. ഗുഹ കാണാൻ ദിവസവും നിരവധി പേർ എത്തുന്നുണ്ട്.

Post a Comment

Previous Post Next Post