പാലക്കാട്: ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പ്രജീഷ്, ജിഷ്ണു എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം നടക്കുന്നത്.
പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്ന് സൂചന. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ വിശ്രമിക്കുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വീട്ടുകാരുമായുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ചുനങ്ങാട് വാണിവിലാസിനിയില്‍ വീട് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് അയല്‍വാസിയായ യുവാവ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
തൊഴിലാളികള്‍ കിടന്നിരുന്ന ഭാഗത്താണ് അയല്‍വാസിയായ യുവാവിന്റെ പെട്രോള്‍ ബോംബ് ചെന്ന് വീണത്. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തി ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ കണ്ടെത്തിയിട്ടില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.