നരിക്കുനി: കാട്ടുപന്നി ശല്യം രൂക്ഷമായ നരിക്കുനി ഗ്രാമപ്പഞ്ചായത്തിൽ കർഷകരുടെ പ്രതിഷേധത്തിനൊടുവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്ന് മേഖലകളാക്കി തിരിച്ചാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം വാർഡിൽ വ്യാപകമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ തിങ്കളാഴ്ച ഗ്രാമപ്പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ കൊട്ടയോട്ട് ഇബ്രാഹീം വെടിവെച്ചു കൊന്നു.
അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത ലൈസൻസുള്ള അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് നാളെ പാലോളിത്താഴം മേഖലയിൽ വിള നശിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള പ്രവർത്തനം തുടങ്ങും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത്, വാർഡ് മെമ്പർ ചന്ദ്രൻ കെ.കെ എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.