കോഴിക്കോട്: ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ ആകും. ഡോ. എന്‍.രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തര്‍ക്കത്തെ തുടർന്ന് നേരത്തെ ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റം വിവാദമായിരുന്നു. സ്ഥലം മാറിയെത്തിയ ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ ഡിഎംഒ എന്‍.രാജേന്ദ്രന്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നേടിയ സ്‌റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാനെത്തിയത്.
കഴിഞ്ഞ മാസം 9ന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഡിഎംഒമാരെയും നാല് അഡീഷണൽ ഡയറക്ടർമാരെയുമാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡിഎംഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഡിസംബര്‍ 10ന് ചുമതലയേറ്റു. പിന്നാലെ സ്ഥലമാറ്റ ഉത്തരവിന് എതിരെ എൻ.രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു. അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. അവധിയിലായിരുന്ന ഡോക്ടർ ആശാദേവി ഡിഎംഒ ഓഫീസിലെത്തിയതോടെ ഓഫീസിൽ രണ്ടു ഡിഎംഒ എന്ന സ്ഥിതിയായി. എന്നാല്‍ ജോലിയില്‍ നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.
മാറാന്‍ തയ്യാറല്ലെന്ന് ഡോ.രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡിഎംഒ ഓഫീസിലെ കാബിനില്‍ രണ്ടുപേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡിഎംഒ എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തു. കസേരകളി തുടര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡോ. രാജേന്ദ്രന്‍ ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചാര്‍ജെടുക്കണമെന്നും ഒടുവില്‍ ഉത്തരവിടുകയായിരുന്നു.