ഇന്ന് വ്യാപകമായി കേൾക്കുന്ന ഒരു കാര്യമാണ് ഫോൺ ചാർജിലിടുമ്പോൾ ഫോണോ, ചാർജറോ പൊട്ടിത്തെറിക്കുക എന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്ന ഫോണിൽ തീ പടരുന്ന വീഡിയോ അടക്കം പലതരത്തിലുള്ള അപകടങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ മൊബൈൽ ഫോൺ ചാർജർ പൊട്ടിത്തെറിക്കുന്നതിന് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങളാണ് നമ്മൾ പരിശോധിക്കുന്നത്.
നിലവാരം കുറഞ്ഞ ചാർജർ
ഉൽപ്പന്ന വിവരങ്ങളൊന്നുമില്ലാതെ ഒരു ചാർജർ വാങ്ങുന്നത് ഒരു ടൈം ബോംബ് വാങ്ങുന്നതിന് തുല്യമാണെന്ന് നിങ്ങൾക്കറിയാമോ?. ബ്രാൻഡ് ലോഗോയോ ബ്രാൻഡ് നെയിമോ ഇല്ലാത്ത ഇത്തരം ചാർജറുകൾക്ക് ഫോൺ ചാർജ് ചെയ്യാൻ പറ്റുമെങ്കിലും ഇതിന് പിന്നിൽ വലിയ അപകടം പതിയിരിക്കുന്നുണ്ട്. ചെലവ് ലാഭിക്കുന്ന കാര്യത്തിൽ ചിലപ്പോൾ നിങ്ങൾ വിജയിച്ചേക്കാം. എന്നാൽ ഇതിൽ ഒരുതരം സംരക്ഷണവും ഇല്ല എന്നതാണ് സത്യം.
ഉൽപ്പന്ന വിവരങ്ങളൊന്നുമില്ലാതെയാണ് നിങ്ങൾ ഇത്തരമൊരു ചാർജർ വാങ്ങുന്നതെങ്കിൽ, ചാർജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വ്യത്യാസങ്ങൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ നിലവാരം കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
എപ്പോഴും കുത്തിയിടുന്ന ചാർജർ
ചാർജർ എപ്പോഴും പ്ലഗ്ഗിൽ കുത്തിയിടുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് അപകട സാധ്യത വരുത്തിവെക്കും. ചാർജർ വളരെക്കാലം സോക്കറ്റിൽ പ്ലഗ് ചെയ്തിരിക്കുന്ന അവസ്ഥയിൽ ഫോൺ കണക്ട് ചെയ്തിട്ടില്ലെങ്കിലും അതിലൂടെ കറൻ്റ് ഒഴുകുന്നുണ്ട് എന്ന് മനസ്സിലാക്കുക. അത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം, ഇത് തീ, സ്ഫോടനം, ആകസ്മികമായ വൈദ്യുതാഘാതം എന്നിവയ്ക്ക് ഇടയാക്കും. അതിനാൽ, ഫോൺ പൂർണ്ണമായി ചാർജ് ചെയ്ത ശേഷം, നിങ്ങൾ ചാർജർ അൺപ്ലഗ് ചെയ്യണം. അല്ലെങ്കിൽ ഔട്‍ലറ്റിന്റെ പവർ ഓഫ് ചെയ്യുകയെങ്കിലും വേണം.
പഴകിയ ചാർജർ
ഒരുപാട് കാലം ഒരേ ചാർജർ തന്നെ ഉപയോഗിക്കുന്നതും ചിലപ്പോൾ ചാർജർ പൊട്ടിത്തെറിക്കുന്നതിന് കാരണമായേക്കാം. ഒരു നിശ്ചിത കാലയളവിനുശേഷം, ആന്തരിക ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ഇതോടെ ചാർജിംഗ് വേഗത കുറയുമെന്ന് മാത്രമല്ല, വോൾട്ടേജ് അസ്ഥിരമാകുമ്പോൾ സ്ഫോടന സാധ്യതയും ഉണ്ടാകാം.