Trending

ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ബ്ലെസി ചിത്രം 'ആടുജീവിതം'


കൊച്ചി: ബ്ലെസി സംവിധാനം നിർവഹിച്ച ആടുജീവിതം ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക. നേരത്തെ 2018 എന്ന മലയാള സിനിമയും സമാനമായ രീതിയില്‍ പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു.

ബന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കിയിരിക്കുന്നത്. എ.ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും സിനിമയെ മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോയത്. 207 സിനിമകളിൽ നിന്നും വോട്ടിങിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ നോമിനേഷനിലേക്ക് പരിഗണിക്കപ്പെടുന്നത്. മാത്രമല്ല ഈ വിഭാഗത്തിൽ പ്രഥമ പരിഗണനപ്പട്ടികയിൽ തിരഞ്ഞെടുക്കപ്പെടുന്നത് തന്നെ ആടുജീവിതത്തെ സംബന്ധിച്ചടത്തോളം അഭിമാനകരമായ നേട്ടമാണ്.

Post a Comment

Previous Post Next Post