Trending

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

കേരളത്തിൽ പ്രതിമാസം 1600 രുപയാണ് പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌. ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌. 

ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽ നിന്ന്‌ ലഭിക്കുന്നത്‌. ഇത് കുടിശ്ശികയാണ്. ഇതിന് പുറമെ സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നൽകിയ 2023 നവംബർ മുതലുള്ള കേന്ദ്ര വിഹിതമായ 419 കോടി രൂപ സംസ്ഥാന സർക്കാറിന് കേന്ദ്രം നൽകാനുണ്ട്.

Post a Comment

Previous Post Next Post