Trending

വൈദ്യുതി കണക്ഷൻ വിഛേദിക്കുമ്പോൾ നടപടിക്രമങ്ങള്‍ പാലിക്കണം: മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: ഉപയോഗിക്കുന്ന വൈദ്യുതിയുടെ തുക അവസാന തീയതിക്ക് മുമ്പ് അടയ്ക്കാനുള്ള ചുമതല ഉപഭോക്താവിനുണ്ടെങ്കിലും വൈദ്യുതി വിഛേദിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ്. 

ഉപഭോക്താവ് ബില്‍ തുക യഥാസമയം അടച്ചില്ലെങ്കില്‍ നടപടിയെടുക്കാൻ ബോർഡ് ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. തന്നില്‍ അർപ്പിതമായ ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുന്നത് ക്രിമിനല്‍ കുറ്റത്തിന്‍റെ പരിധിയില്‍ വരുന്ന കാര്യമാണ്. അതേസമയം, ഉപഭോക്താക്കളോട് ബോർഡ് ജീവനക്കാർ മാനുഷിക പരിഗണന കാണിക്കണം. നിയമാനുസ്യതം നടപടിയെടുക്കുന്ന ബോർഡ് ജീവനക്കാരെ ഉപഭോക്താക്കള്‍ ശത്രുക്കളായി കാണരുതെന്ന് കമ്മീഷൻ പറഞ്ഞു. 

തിരുവമ്പാടി സ്വദേശി ഉള്ളാട്ടില്‍ റസാഖിന്‍റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികള്‍ തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. കെഎസ്‌ഇബി ഉദ്യേഗസ്ഥരെ റസാഖിന്‍റെ മക്കള്‍ ആക്രമിച്ച്‌ ഓഫീസ് തല്ലി തകർത്തെന്നാണ് പരാതി. എന്നാല്‍, ഉദ്യോഗസ്ഥർ റസാഖിനെയും കുടുംബത്തെയും ആക്ഷേപിച്ചതായി മറുവശം ആരോപിച്ചു. ആരോപണങ്ങള്‍ ബോർഡ് നിഷേധിച്ചു. 

ഇരുപക്ഷത്തു നിന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായതായി കമ്മീഷൻ നിരീക്ഷിച്ചു. ജില്ലാകളക്ടറും താമരശ്ശേരി തഹസില്‍ദാറും ഇടപെട്ട് റസാഖിന്‍റെ വീട്ടിലെ കണക്ഷൻ പുനഃസ്ഥാപിച്ച സാഹചര്യത്തില്‍ കമ്മീഷൻ കേസ് തീർപ്പാക്കി. പൊതു പ്രവർത്തകരായ സെയ്തലവി, അഡ്വ. വി. ദേവദാസ് എന്നിവരാണ് പരാതിക്കാർ.

Post a Comment

Previous Post Next Post