ബംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ല. കുട്ടിക്ക് വിദേശ യാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം. ഇതോടെ രോഗത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. രോഗം എങ്ങിനെയാണ് ബാധിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. എച്ച്.എം.പി.വി പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. എച്ച്.എം.പി.വി കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിക്കുന്നത്.
അതേ സമയം വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ആശുപത്രി ക്രമീകരണങ്ങൾക്കായി മാർഗ നിർദ്ദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. രോഗപ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച്.എം.പി.വി ലക്ഷണങ്ങൾ. ഈ വൈറസ് 2001 മുതൽ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുക. ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ മരണ കാരണമാകാം. ചൈനയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.