പേരാമ്പ്ര: പേരാമ്പ്ര കടിയങ്ങാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായ ഉണ്ണികുളം സ്വദേശി അബ്ദുള്‍ നാസര്‍, കാര്‍ യാത്രികനായ കര്‍ണാടക വിജയനഗര്‍ സ്വദേശി ആദേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കുറ്റ്യാടി റോഡില്‍ ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞു തിരികെ പോകുന്ന കര്‍ണാടക സ്വദേശികളായ ഭക്തരാണ് കാറിലുണ്ടായിരുന്നത്. ബാലുശ്ശേരി ഭാഗത്തു നിന്ന് കുറ്റ്യാടിയിൽ വിതരണം ചെയ്യാനുള്ള കോഴികളുമായി പോകുകയായിരുന്നു ലോറി. ഇടിയുടെ അഘാതത്തില്‍ മിനി ഗുഡ്സ് വാഹനത്തിന്റെ മുന്‍ഭാഗത്തെ ഒരു ടയര്‍ വേര്‍പ്പെട്ട നിലയിലാണ്. കാറ് അപകട സ്ഥലത്ത് നിന്നും നീക്കം ചെയ്തു. നേരത്തെയും നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണിത്. സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.