നന്മണ്ട: ഹൈസ്കൂൾ-സൂപ്പി റോഡിന് സുരക്ഷാമതിലില്ലാത്തത് വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ഇരുഭാഗത്തും നിന്നും വാഹനങ്ങൾ വരുമ്പോൾ റോഡിൻ്റെ അരിക് ഇടിഞ്ഞ ഭാഗത്തുനിന്ന് പലപ്പോഴും കുളത്തിൽ വീഴാതെ യാത്രക്കാർ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്. നേരത്തേ ടാറിങ് നടന്നപ്പോൾ റോഡരിക് കെട്ടുമെന്നായിരുന്നു കരുതിയത്. പക്ഷേ, അതുണ്ടായില്ല.
റോഡരികിൽ കോളിയോട്ട് കാവ് പരദേവത ക്ഷേത്രത്തിന്റെ അധീനതയിലുള്ള കുളമാണ്. മഴയിൽ റോഡിലെ മാലിന്യങ്ങളെല്ലാം കുമിഞ്ഞു കൂടുന്നത് കുളത്തിലാണെന്ന് ഭക്തർ ആരോപിക്കുന്നു. ഇതിനൊരു ശാശ്വതപരിഹാരം അനിവാര്യമാണെന്നാണ് നാട്ടുകാരും പറയുന്നത്. ബാലുശ്ശേരി റോഡിൽ നന്മണ്ട 12-നും 13-നും ഇടയിൽ ഗതാഗത കുരുക്കുണ്ടാകുമ്പോൾ ബദൽയാത്രയ്ക്ക് സൂപ്പി റോഡാണ് ഉപയോഗിക്കുന്നത്.