താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി പുല്ലാഞ്ഞിമേട് ജീപ്പ് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. കൊണ്ടോട്ടി സ്വദേശിയായ അസീം (27), മലപ്പുറം സ്വദേശികളായ ഷാനിദ് (22), നിയാസ് (22), ആതിൽ റമീസ് (21), കോഴിക്കോട് സ്വദേശി അമീൻ (24), നന്മണ്ട സ്വദേശി ഷാദിൽ (27) എന്നിവർക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തേക്ക് വരുന്ന റോഡിൻ്റെ ഉയർന്ന ഭാഗത്തുനിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന താഴ്ന്ന ഭാഗത്തേക്കാണ് ജീപ്പ് മറിഞ്ഞത്. മറ്റു വാഹനങ്ങളിലെ യാത്രക്കാരും, നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി റോഡിൽ പരന്നൊഴുകിയ ഓയിൽ നീക്കം ചെയ്തു.