തൊടുപുഴ: പെരുമാങ്കണ്ടത്ത് റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആള് വെന്തുമരിച്ചു. റിട്ട. ബാങ്ക് ജീവനക്കാരന് സിബിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല. സംഭവസ്ഥലത്തെത്തിയ ബന്ധുക്കളാണ് മൃതദേഹം സിബിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
ശനിയാഴ്ച ഉച്ചയോടെ ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. കാര്‍ സിബിയുടെ ഉടമസ്ഥതയിലുള്ളതാണ്. കത്തുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇദ്ദേഹം വാഹനം ഓടിച്ചുപോവുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാര്‍ കത്തിയിടത്തു നിന്ന് നാല് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും വിശദമായ അന്വേഷണം ആരംഭിച്ചു.