Trending

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്. 7 കുട്ടികളടക്കം നിരവധി പേർക്ക് അപകടത്തിൽ പരുക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.

കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് യാത്ര തിരിച്ച ‘ഹെബ്രോൺ’ എന്ന ബസ് ആണ് അപകടത്തിൽപെട്ടത്.അപകടം നടക്കുമ്പോൾ ബസിൽ കുട്ടികളടക്കം 49 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. 17 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

ബസിൻ്റെ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ക്രെയിൻ എത്തിച്ച് ബസ് ഉയർത്തിയിട്ടുണ്ട്. ബസിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. അപകടത്തിന് പിന്നാലെ ബസിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായതായും വിവരമുണ്ട്.

അതേസമയം അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്.

Post a Comment

Previous Post Next Post