ട്രെയിനിന്റെ ടോയ്ലറ്റിനുള്ളിൽ വച്ച് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ചായ കണ്ടെയ്നർ കഴുകുന്ന കച്ചവടക്കാരന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യാത്രക്കാരുടെ ശുചിത്വത്തെയും ഭക്ഷ്യ സുരക്ഷയെയും കുറിച്ച് ആളുകളെ അസ്വസ്ഥരാക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ രോഷ പ്രകടനമാണ് ഉയരുന്നത്.
ട്രെയിന്‍ കി ചായ് എന്ന അടിക്കുറിപ്പോടെയാണ് അയൂബ് എന്നയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക പേജ് ടാഗ് ചെയ്തുകൊണ്ട് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി പേര് കമന്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
വീഡിയോയിൽ ഒരാൾ ചായ കണ്ടെയ്നർ ടോയ്ലറ്റിനുള്ളിലെ ക്ലോസറ്റിന് മുകളിൽ വച്ച് ജെറ്റ് സ്പ്രേ ഉപയോഗിച്ച് കഴുകുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ഇയാൾ അറിയാതെ പിന്നിൽ നിന്നും ചിത്രീകരിച്ചതാണ് വീഡിയോ. യാതൊരുവിധ കൂസലും ഇല്ലാതെയാണ് ചായ കച്ചവടക്കാരൻ ഇത്തരത്തിൽ തീർത്തും ശുചിത്വമില്ലാത്ത ഒരു പ്രവർത്തി ചെയ്യുന്നത്. ഇനി ട്രെയിനിൽ കയറിയാൽ എങ്ങനെ വിശ്വസിച്ച് ഒരു ചായ കുടിക്കുമെന്നാണ് ഭൂരിഭാഗം ആളുകളും സംശയം പ്രകടിപ്പിച്ചത്. ട്രെയിനിൽ നിന്നും കുടിച്ചു പോയ ചായകളെ കുറിച്ച് ഓർത്ത് പശ്ചാത്തപിച്ചവരും കുറവല്ല.
വൃത്തിഹീനമായ സാഹചര്യത്തില്‍ ട്രെയിനുകളില്‍ ചായ വില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. 2018-ല്‍ ചൈന്നൈ- ഹൈദരാബാദ് എക്സ്പ്രസിൽ ട്രെയിനിലെ ശൗചാലയത്തിലെ വെള്ളം ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെ വിതരണക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഒരു ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.