Trending

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം; വയനാട്ടിൽ യുവാവിനെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി


വയനാട്: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി. വെള്ളമുണ്ടയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫ് (38) ആണ് മറ്റൊരു ഉത്തര്‍പ്രദേശ് സ്വദേശിയായ മുഖീബിനെ (25) കൊലപ്പെടുത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് മുഹമ്മദ് ആരിഫ്, മുഖീബിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി വെള്ളമുണ്ടയില്‍ രണ്ടിടങ്ങളിലായി ഉപേക്ഷിക്കാനായിരുന്നു മുഹമ്മദിന്റെ ശ്രമം. മൃതദേഹത്തിന്റെ ഒരു ഭാഗം സ്യൂട്ട്‌കേസിലും മറ്റൊരു ഭാഗം ബാഗിലുമാക്കി. ഇതിന് ശേഷം ഓട്ടോറിക്ഷയിൽ മൂളിത്തോട് ഭാഗത്തേക്ക് പോയി. 

ഓട്ടോറിക്ഷ മൂളിത്തോട് പാലത്തിന് സമീപമെത്തിയപ്പോള്‍ ബാഗ് ഇയാള്‍ താഴേയ്ക്ക് വലിച്ചെറിഞ്ഞു. ഇത് ചെന്നുവീണത് പുഴയുടെ സമീപമാണ്. ഇതിന് മറ്റൊരു ഭാഗത്ത് എത്തിയപ്പോള്‍ സ്യൂട്ട്കേസും വലിച്ചെറിയുകയായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ തടഞ്ഞ് നിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നും സ്യൂട്ട്‌കേസില്‍ നിന്നുമായി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. മുഹമ്മദ് ആരിഫ് നിലവിൽ പൊലീസ് കസ്റ്റഡിയിൽ ആണ്.

Post a Comment

Previous Post Next Post